സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വകുപ്പുകളിലൊന്നാണ് രജിസ്ട്രേഷന്‍ വകുപ്പ്. സമൂഹത്തിന്‍റെ സമസ്ത മേഖലകളിലെയും ജനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെടുന്നു.
പ്രമാണങ്ങളുടെ അനന്യത തെളിയിക്കല്‍, ഇടപാടുകള്‍ക്ക് പ്രചാരം നല്‍കല്‍, കൃത്രിമം തടയല്‍, വസ്തു മുമ്പ് കൈമാറ്റം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തല്‍, അസ്സല്‍ പ്രമാണങ്ങള്‍ നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ അവകാശ ആധാരങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കല്‍ തുടങ്ങിയവയാണ് രജിസ്ട്രേഷന്‍ നിയമങ്ങളുടെ സുപ്രധാന ലക്ഷ്യം. സംസ്ഥാന ഖജനാവിലെ റവന്യൂ വരുമാനസ്രോതസ്സുകളില്‍ വില്‍പ്പന നികുതി വകുപ്പ്, എക്സൈസ് വകുപ്പ് എന്നിവ കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം രജിസ്ട്രേഷന്‍ വകുപ്പിനാണ്. രജിസ്ട്രേഷന്‍ നിയമങ്ങള്‍ ഇടപാടുകളെയല്ല, മറിച്ച് ആധാരങ്ങളെയാണ് പ്രധാനമായും നിയന്ത്രിക്കുന്നത്.